കേരള ബ്ലോഗ് അക്കാദമിയുടെ നാലാമത് ബ്ലോഗ് ശില്‍പ്പശാലയാണ് തിരുവനന്തപുരത്തേത്. ഇനി ശില്‍പ്പശാലക്ക് ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. രജിസ്റ്റ്രേഷന്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് ഫാര്‍മറുടെ പൊസ്റ്റിലെ ഫ്ലോചാര്‍ട്ടില്‍ നിന്നും മനസ്സിലാക്കുന്നു. ജൂണ്‍ 1ന് ഞായറാഴ്ച്ച രാവിലെ10.30 ന് തിരുവനന്തപുരം ശില്‍പ്പശാല നടത്തപ്പെടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയട്ടെ.
കേരള ബ്ലോഗ് അക്കാദമി ഏതെങ്കിലും ബ്ലോഗറുടേയോ,ബ്ലോഗ് ഗ്രൂപ്പുകളുടേയോ അഭിപ്രായങ്ങളുടെ വേദിയല്ലാത്തതിനാലാണ് വ്യത്യസ്ത അഭിപ്രായഗതിക്കാരായ എല്ലാ ബ്ലോഗേഴ്സിനും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിപ്പ ച്ചെറുപ്പങ്ങള്‍ക്കോ, ഭേദ ഭാവങ്ങള്‍ക്കോ ഇടമില്ലാതെ പരസ്പ്പര ബഹുമാനത്തോടെ ഒത്തുകൂടാന്‍ സാധിക്കുന്നത്. കേരള ബ്ലോഗ് അക്കാദമിയെ ഒരു പൊതു വേദിയാക്കാന്‍ സഹായിക്കുന്നത് ഈ നിലപാടാണ്. അതിനാല്‍ പരസ്പ്പര ബഹുമാനത്തിന് ബ്ലോഗ് ശില്‍പ്പശാലയില്‍ പരമ പ്രധാനമായ സ്ഥാനമാണുള്ളത്. നമ്മുടെ സ്വന്തം ബ്ലോഗുകളിലെ അഭിപ്രായങ്ങളും,നിലപാടുകളും കേരള ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലകളില്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നത് ബ്ലൊഗ് അക്കാദമി മുന്നോട്ടുവക്കുന്ന മലയാള ബ്ലോഗ് പ്രചരണം എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രം ഫോക്കസ് ചെയ്യുന്നതിലൂടെയാണ്. ഈ നിലപാടിന്റെ വിജയമായിരുന്നു നമ്മുടെ മൂന്നു ശില്‍പ്പശാലകളിലേയും ബ്ലോഗേഴ്സിന്റെ ഹൃദ്യമായ കൂട്ടായ്മ.
ഇക്കാര്യം ഇവിടെ ഓര്‍മ്മപ്പെടുത്തുന്നതിന് ഇടവരുത്തിയത് തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടകരില്‍ ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന പല ബ്ലോഗര്‍മാരുടേയും അനോണിത്വം,അഥവ നെറ്റിലെ സ്വകാര്യത നഷ്ടപ്പെടുമോ എന്ന അവരുടെ ആശങ്കകള്‍ മനസ്സിലാക്കിയതിനാലാണ്. ഇവര്‍ പത്രസമ്മേളനത്തില്‍ നിന്നു വിട്ടു നില്‍ക്കട്ടെ. കുഴപ്പമില്ല. എന്നാല്‍ , ശില്‍പ്പശാലയില്‍ ഒളിച്ചു പങ്കെടുക്കേണ്ടിവരുന്നത് സങ്കടകരമായിരിക്കും.
അനോണികളായി, അതായത് തൂലികാനാമം ഉപയ്യോഗിച്ച് ബ്ലോഗുന്നവരെ അവരുടെ സ്വകാര്യതക്കു ഭംഗമുണ്ടാക്കാതെ നമ്മുടെ വേദിയില്‍ പങ്കെടുപ്പിക്കേണ്ടതും,ഉപയോഗപ്പെടുത്തേണ്ടതും കേരള ബ്ലോഗ് അക്കാദമിയുടെ ആവശ്യവും , ആഗ്രഹവുമാണ്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും വ്യക്തിപരമായ അതിരുകളെ നാം മാനിച്ചെങ്കില്‍ മാത്രമേ നമുക്ക് ഏവരേയും ഉള്‍ക്കൊള്ളാനാകുന്ന വിധം വികസിക്കാനാകു.
അതിനാല്‍ , ബ്ലോഗ് ശില്‍പ്പശാലയില്‍ അനോണികളായ ബ്ലോഗേഴ്സിനെ പത്ര-മാധ്യമങ്ങള്‍ക്കും മറ്റും അവരുടെ സമ്മതമില്ലാതെ പരിചയപ്പെടുത്താതിരിക്കാനും, ഫോട്ടോ എടുക്കാതിരിക്കാനും, അഥവ ഫോട്ടോ എടുത്താല്‍ തന്നെ അവ ബ്ലോഗിലോ നെറ്റിലോ പ്രസിദ്ധീകരിച്ച് അവരുടെ സ്വകാര്യതക്ക് കളങ്കം ചാര്‍ത്താന്‍ ഇടവരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.